Thursday, July 02, 2009

മഴക്കാലവും നിർമ്മാണപ്രവർത്തനവും.


മഴക്കാലത്ത്‌ പൊതുവെ നിർമ്മാണപ്രവർത്തനങ്ങൾ കുറവാണ്‌.ഈ സമയത്ത്‌ പൊതുവെ പുറമേയുള്ള ജോലികൾ ചെയ്യുക ബുദ്ധിമുട്ടുള്ള കാര്യമാണ്‌.നിർമ്മ്മാണ ജോലിയിൽ ഏർപ്പെടുന്നവരുടെ സുരക്ഷ മഴക്കാലത്ത്‌ പ്രത്യേകം ഉറപ്പുവരുത്തേണ്ടണ്ട്‌. മഴകൊണ്ട്‌ ജോലി ചെയ്യുന്നവരുടെ സ്പീഡ്‌ കുറവായിരിക്കും എന്ന് മാത്രമല്ല മഴവെള്ളം മൂലം സിമെന്റും മണലും മറ്റും ഒലിച്ചുപോകുവാനും,കെട്ടിടഭാഗങ്ങൾ ഇടിഞ്ഞുവീഴുവാനും,അത്‌ കെട്ടിടത്തിന്റെ ഉറപ്പിനെ ബാധിക്കുകയും ചെയ്യും.

മഴകഴിഞ്ഞിട്ടു ജോലികൾ ആരംഭിക്കാമെന്ന് കരുതുന്ന പലരും ഉണ്ട്‌.എന്നാൽ പലപ്പോഴും മഴകഴിയുന്നതോടെ ധാരാളം നിർമ്മാണപ്രവർത്തനങ്ങൾ ഒരുമിച്ച ആരംഭിക്കും ഇതോടെ ജോലിക്കാരെ കിട്ടുക പ്രയാസമാകും അതിനാൽ കെട്ടിടത്തിനകത്തെ പ്ലാസ്റ്ററിങ്ങ്‌, പ്ലംബിങ്ങ്‌, ടെയിൽസ്പതിക്കൽ,സ്റ്റെയർക്കേസിന്റെ ഹാന്റ്‌ റൈയിൽ ഫിക്സ്‌ ചെയ്യൽ തുടങ്ങി പല ഇന്റീരിയൽ വർക്കും തീർക്കുവാൻ ഈ സമയത്തെ ഉപയോഗിക്കുന്നത്‌ നന്നായിരിക്കും.

മഴമാറിയിട്ട്‌ വീടുനിർമ്മാണം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർ ഇപ്പോഴേ പ്ലാൻ തയ്യാറാക്കലും അതിന്റെ അപ്രൂവലുകളും പൂർത്തിയാക്കിവെക്കുന്നത്‌ നല്ലതാണ്‌. കെട്ടിടനിർമ്മാണ ചട്ടം കേരളത്തിൽ എല്ലായിടത്തും ബാധകമാണെന്നതിനാൽ നിർമ്മാണപ്രവർത്തനം നടക്കുന്ന പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും മുൻകൂട്ടി അനുമതിവങ്ങിക്കേണ്ടത്‌ അത്യാവശ്യമാണ്‌.ലോൺ സംബന്ധിയായ കാര്യങ്ങൾ തീർക്കുന്നതിനും ഈ സമയം വിനിയോഗിക്കാം.കരിങ്കല്ല് പോലെ മഴക്കാലത്ത്‌ വിലകുറയുന്ന നിർമ്മാണസമഗ്രികൾ ഇപ്പോൾ ശേഖരിക്കുന്നതും ചിലവുചുരുക്കുവാൻ സഹായകമായിരിക്കും.

മഴക്കാലത്ത്‌ കോൺക്രീറ്റിങ്ങ്‌ പരമാവധി ഒഴിവാക്കുക.അപ്രതീക്ഷിതമായുണ്ടാകുന്ന മഴയിൽ സിമന്റ്‌ ഒലിച്ചുപോകുവാൻ ഇടവന്നാൽ അത്‌ കെട്ടിടത്തിന്റെ ഉറപ്പിനെ ബാധിക്കും.കോൺക്രീറ്റിങ്ങ്‌ നടത്തുകയാണെങ്കിൽ അതിനു മേളിൽ പോളീത്തീൻ ഷീറ്റോ മറ്റോ ഉപയോഗിച്ച്‌ മഴവെള്ളം വീഴാതിരിക്കുവാൻ ആവശ്യമായ പരിരക്ഷ നൽകുക.

മര ഉരുപ്പടികൾ സൂക്ഷിച്ച്‌ വക്കുമ്പോഴും ഫിക്സ്‌ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. ഈർപ്പം വലിച്ചെടുത്ത്‌ അവ വികസിച്ചിരിക്കുന്ന സമയം ആണിത്‌.അതു പരിഗണിക്കാതെ ഉണങ്ങാത്ത മരം ഉപയോഗിച്ച്‌ ഉരുപ്പടികൾ നിർമ്മിച്ചാലും ഫിക്സ്‌ ചെയ്താലും പിന്നീട്‌ പല കോട്ടങ്ങളും സഹിക്കേണ്ടിവരും.

അത്യാവശ്യമില്ലെങ്കിൽ സിമെന്റും,കമ്പിയും മഴക്കാത്ത വാങ്ങി സൂക്ഷിക്കതിരിക്കുക. തുരുമ്പെടുത്ത കമ്പികൾ കോൺക്രീറ്റിങ്ങിനു ഉപയോഗിക്കാതിരിക്കുക.

പണിപൂർത്തിയാകതെ കിടക്കുന്ന സെപ്റ്റിക്‌ ടാങ്ക്‌ ഉണ്ടെങ്കിൽ അത്‌ മൂടിയിടുക.വെള്ളം കെട്ടിനിന്ന് അതിൽ കൊതുകു പെരുകുവാൻ ഇടവരും എന്നതുമാത്രമല്ല അബദ്ധത്തിൽ മനുഷ്യരോാ മൃഗങ്ങളോ അതിൽ വീഴുന്നതിനും ഉള്ള സാധ്യതകൾ തള്ളിക്കളയുവാനാകില്ല.

പൊതുവെ ഇലക്ട്രിക്കൽ വർക്കുകൾ, പ്ലാസ്റ്ററിങ്ങ്‌,ടെയിൽസ്‌ പതിക്കൽ തുടങ്ങിയ പലകാര്യങ്ങളും മഴക്കാലത്താണ്‌ നടത്താറുള്ളത്‌.എന്നാൽ എത്‌ വളരെ ശ്രദ്ധയോടെ വേണം നടത്തുവാൻ.കെട്ടിടത്തിനകത്ത്‌ റ്റ്യൂബ്‌ലൈറ്റ്‌/ഫ്ലൂറസന്റ്‌ ലൈറ്റ്‌ കൊടുത്ത്‌ ജോലിചെയ്യുന്നവർക്ക്‌ ആവശ്യമായ വെളിച്ചം ഉറപ്പുവരുത്തുക. പ്ലാസ്റ്ററിങ്ങ്‌ ചെയ്യുന്നതിനുമുമ്പായി ആ പ്രതലത്തിലേക്ക്‌ മഴവെള്ളം ഒലിച്ചിറങ്ങില്ലെന്നും അവിടേ ആവശ്യത്തിൽ അധികം ഈർപ്പം ഇല്ലെന്നും ഉറപ്പുവരുത്തുക.അതുപോലെ ഫ്ലോറിങ്ങ്‌ തറയിൽ ഈർപ്പത്തിന്റെ അളവും അവിടേക്ക്‌ മഴവെള്ളം ഒഴുകിവരുന്നതിനോ കെട്ടിനിൽക്കുന്നതിനൊ സാധ്യത ഇല്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്‌.അന്തരീക്ഷത്തിൽ ഈർപ്പമുണ്ടെന്ന് കരുതി പ്ലാസ്റ്റർ ചെയ്തിടത്ത്‌ ആവശ്യത്തിനു വെള്ളം നനക്കുവാൻ മറക്കരുത്‌.

പ്ലാസ്റ്ററിങ്ങ്‌ ചെയ്യ്മ്പോൾ കൃത്യമായ അനുപാതത്തിൽ സിമെന്റും മണലും ചേർക്കുക. നിലവാരമില്ലാത്ത സിമെന്റോ,ഉപ്പുകലർന്നമണ്ണാ ഉപയോഗിക്കാതിരിക്കുക. നമ്മുടെ നാട്ടിൽ പലപ്പോഴും ചുറ്റുപാടിൽ നിന്നും എടുക്കുന്ന "തരിമുഴുപ്പില്ലാത്ത" മണ്ൺ ഉപയോഗിച്ച്‌ പ്ലാസ്റ്റർ ചെയ്യുന്ന പതിവുണ്ട്‌.ഇത്‌ ഭാവിയിൽ ചുമരിൽ വിള്ളലുകൾ വീഴുന്നതിനും അതുപോലെ പ്ലാസറ്ററിങ്ങ്‌ അടർന്നുപോരുന്നതിനും ഇടയാക്കും. വീടുനിർമ്മിക്കുവാൻ കോൺട്രാക്ടറെ പൂർണ്ണമായും എൽപ്പിക്കുമ്പോൾ ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത്‌ നല്ലതായിരിക്കും.

ഇലക്ട്രിക്കൽ&പ്ലംബിങ്ങ്‌ വർക്കുകൾ പ്ലാസ്റ്ററിങ്ങ്‌/ടെയിൽ ഫിക്സിങ്ങ്‌ വർക്കുകൾ എന്നിവ ചെയ്യുന്ന ജോലിക്കാർ തമ്മിൽ ചെയ്യാൻ പോകുന്ന ജോലിയെസംബന്ധിച്ച്‌ ഒരു ധാരണ ഉണ്ടാക്കുന്നത്‌ അനാവശ്യമായ കുത്തിപ്പൊളികൾ ഒഴിവാക്കുവാൻ നല്ലതാണ്‌.

Sunday, June 28, 2009

മലയാളിയുടെ ഹൃദയതൂലിക നിലച്ചു..

ഹൃദയത്തിന്റെ തൂലികകൊണ്ട്‌ പച്ചമനുഷ്യന്റെ ജീവിതത്തിലെ പ്രണയവും, പ്രതികാരവും,പ്രതീക്ഷയും,നിരാശയും,ദുഃഖവും എല്ലാം നമുക്കായി പകർന്നുതന്നിരുന്ന ആ കലാകാരൻ നിനച്ചിരിക്കാത്ത ഒരു നിമിഷത്തിൽ കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി മറുവാക്കുകേൾക്കാൻ കാത്തുനിൽക്കാതെ എങ്ങോ മറഞ്ഞു.....എന്നും തന്റെ പ്രേക്ഷകർക്കായി കരുതിവെച്ച നന്മയുടേയും സ്നേഹത്തിന്റേയും കഥകളുടെ പാഥേയം പാതിവഴിയിൽ തൂവിപ്പോയിരിക്കുന്നു...

സ്വന്തം മനസ്സിന്റെ മൂശയിലേക്ക്‌ മനുഷ്യജീവിതങ്ങളെ ഉരുക്കിയൊഴിച്ച്‌ കഥപറയുവാൻ നമുക്കൊരു ലോഹിതദാസേ ഉണ്ടായിരുന്നുള്ളൂ. ആകലാകാരന്റെ ആത്മാവിനു ശാന്തിനേർന്നുകൊണ്ട്‌ അശ്രുപൂക്കൾ അർപ്പിക്കുന്നു.

Sunday, May 24, 2009

ത്രീ ബെഡ്രൂം വീട്‌.



കയറിവരുന്നത്‌ സിറ്റൗട്ടിലേക്ക്‌, സിറ്റൗട്ടിൽ നിന്നും ഒരു കടക്കുന്നത്‌ ഫോയറിലേക്ക്‌, അവിടെ ഒരു ചെറിയ ഇരിപ്പിടം ഒരുക്കിയിരിക്കുന്നു.അതിന്റെ ഇരുവശത്തുമായി ഒരു ലിവിങ്ങ്‌ റൂം നേരെ ഡൈനിങ്ങ്‌ റൂം. (ടി.വി സൗകര്യപ്രദമായ രീതിയിൽ ഡൈനിങ്ങ്‌ റൂമിലോ ലിവിങ്ങ്‌ റൂമിലോ വെക്കാവുന്നതാണ്‌. )ലിവിങ്ങ്‌ റൂമിനേയും ഡൈനിങ്ങ്‌ റൂമിനേയും ബന്ധിപ്പിച്ചുകൊണ്ട്‌ ഒരു വലിയ കോർട്ട്‌യാഡ്‌. കോർട്ട്യഡിനു മേലെ വിലങ്ങനെ കോൺക്രീറ്റ്‌ ബീമോ ഗ്രില്ലോ നൽകി സുരക്ഷ ഉറപ്പാക്കാം. വായുസഞ്ചാര സുഗമമാക്കുവാൻ കോർട്ട്യാഡിൽ നിന്നും പുറത്തേക്ക്‌ ചുമരിൽ ഗ്യാപ്പ്‌ നൽകിയിരിക്കുന്നു.ഇതിൽ സ്റ്റീലിന്റെ ഗ്രില്ല് ഘടിപ്പിച്ചിട്ടുമുണ്ട്‌. മേൽക്കൂര വാർക്കുമ്പോൾ 330 സെന്റീമീരോ അതിലും അധികമോ ഉയരത്തിൽ ആക്കിയാൽ കൂടുതൽ നന്ന്. വീടിനകത്തെ ചൂട്‌ ക്രമീകരിക്കുവാൻ ഇതു വളരെയധികം സഹായിക്കും.




തുടർന്ന് ഡൈനിംഗ്‌ റൂമിന്റെ മുന്നിലും വലതുവശത്തായി മൂന്നു ബെഡ്രൂമുകൾ.ബെഡ്രൂമുകൾകിൽ രണ്ടെണ്ണത്തിനു അറ്റാച്ച്ഡ്‌ ബാത്രൂമുകൾ നൽകിയപ്പോൾ ഒരെണ്ണത്തിനു സമീപത്തായി കോമൺ ബാത്രൂം നൽകിയിരിക്കുന്നു.ഡൈനിങ്ങ്‌ റൂമിൽ നിന്നും കിച്ചണിലേക്ക്‌ നേരിട്ടു പ്രവേശിക്കാം.അതിനകത്ത്‌ കുടുമ്പാംഗങ്ങൾക്ക്‌ ഇരുന്നു ഭക്ഷണം കഴിക്കുവാൻ ഉള്ള സൗകര്യവും ഉണ്ട്‌.കിച്ചണിലെ റഫ്രിജറേറ്റർ,വാഷ്ബേദിൻ,അടുപ്പ്‌ എന്നിവയടങ്ങുന്ന വർക്കിങ്ങ്‌ ട്രയാങ്കിളിന്റെ ദൂരം കുറച്ചിരിക്കുന്നു.ഇതുമൂലം ഇവിടെ ജോലിചെയ്യുന്നവർക്ക്‌ ആയാസം കുറയും. അതിനു പുറകിലായി ഒരു യൂട്ടിലിറ്റി ഏരിയ.വാഷിങ്ങ്‌ മെഷീനും,പുകയില്ലാത്ത അടുപ്പും മറ്റും ഇവിടെ ആണ്‌ ക്രമീകരിച്ചിരിക്കുന്നത്‌.


ഭാവിയിൽ മുകളിൽ മുറികൾ ഏടുക്കാൻ തക്ക സൗകര്യത്തിൽ ഡൈനിങ്ങ്‌ റൂമിനോടു ചേർന്ന് ഒരു സ്റ്റെയർക്കേസും കൊടുത്തിരിക്കുന്നു. ഇതിന്റെ അടിഭാഗത്തായിട്ടാണ്‌ കിടപ്പുമുറിയിലെ വാഡ്രോബ്‌ ക്രമീകരിച്ചിരിക്കുന്നത്‌.കോർട്ട്‌യാഡ്‌ ഒഴിവാക്കിയാൽ (156.00 മീറ്റർ സ്വ്കയർ) 1678 ചതുരശ്രയടി വിസ്തീർണ്ണം വരും ഈ പ്ലാനിന്‌.മുറികൾക്ക്‌ വാസ്തു അളവുകൾ അല്ല നൽകിയിരിക്കുന്നത്‌.

Tuesday, April 21, 2009

ചൂടുകുറക്കുവാൻ-1

വേനലിന്റെ കൊടും ചൂടിനെക്കുറിച്ച്‌ നമുക്ക്‌ നല്ല നിശ്ചയമാണ്‌. നമ്മുടെ നാട്ടിൽ കോൺക്രീറ്റ്‌ മേൽക്കൂരകളോടു കൂടിയ വീടുകൾ വർദ്ധിച്ചതോടെ വീടിനകത്തെ ചൂട്‌ ഒരു വില്ലനായി മാറിയിരിക്കുന്നു.രാത്രികാലങ്ങൾ ഉഷ്ണം മൂലം സ്വസ്ഥമായ ഉറക്കം പലർക്കും അസാധ്യമായി. ടെറസ്സിൽ വൈക്കോൽ,ഓല തുടങ്ങിയവ ഇട്ടും ചിലർ ചെടികൾ വച്ചും ഒരു പരിധിവരെ ഇതിനു പരിഹാരം തേടുന്നു. ഇന്നിപ്പോൾ ഭൂരിഭാഗം വീടുകൾക്കു മീതെയും ചോർച്ചതടയുവാൻ ട്രസ്സ്‌ വച്ച്‌ അതിനു മുകളിൽ ഷീറ്റിടുന്നതുകൊണ്ട്‌ മുറിക്കകത്തെ ചൂടിനു അൽപം കുറവ്‌ ഉണ്ട്‌.

സാമ്പത്തീകമായി മുന്നിട്ടുനിൽക്കുന്ന പലരും എ.സിയിലേക്ക്‌ വഴിമാറിയെങ്കിലും സാധാരണക്കാരനെ സംബന്ധിച്ച്‌ ഫാനിനെ മാത്രം ആശ്രയിച്ച്‌ മുന്നോട്ടുപോകുകതന്നെയേ തൽക്കാലം പറ്റുകയുള്ളൂ. ഫാനിന്റെ ഒരു പ്രശ്നം അടച്ചിട്ട മുറിയിൽ നിന്നും ചൂടുവായ്‌ പുറത്തേക്ക്‌ പോകുവാൻ ഉള്ള സൗക്ര്യം കുറവണെങ്കിൽ ഉള്ളിലെ ചൂട്‌ വർദ്ധിക്കും എന്നുള്ളതാണ്‌. ഉഷ്ണം കൂടുതൽ ഉള്ള ചിലയിടങ്ങളിൽ നിന്നുംകണ്ട രണ്ടു സംവിധാനങ്ങൾ ഞാനിവിടെ പരിചയപ്പെടുത്തുന്നു.




1.മുറിയുടെ മൂലയിൽ നിന്നും പുറത്തേക്ക്‌ പോകുന്ന ഒരു ലോഹ കുഴൽ. ഇത്‌ തകരം,നാഗം തുടങ്ങിയവയുടെ ഷീറ്റ്‌ ചുരുട്ടിയെടുത്ത്‌ ഉണ്ടാക്കാവുന്നതാണ്‌.ഇതിനു കറുത്ത പെയ്ന്റടിക്കുന്നതായിരിക്കും നല്ലത്‌.ഇരുമ്പിന്റെ ഫ്രെയ്മിൽ ഇതിനെ പാരപ്പെറ്റിനോട്‌ ബന്ധിപ്പിക്കുക.കാറ്റത്ത്‌ ഉലയാതിരിക്കുവാൻ സ്റ്റേവയറുകൾ കൊടുക്കുന്നതും നന്ന്. ചുരുങ്ങിയത്‌ രണ്ടരമീറ്ററെങ്കിലും ഉയരം വേണം ഇതിന്‌.ഇതിന്റെ മുകൾ അറ്റത്തും താഴെയും ചെറിയ ഇരുമ്പ്‌ നെറ്റ്കൊണ്ട്‌ അടക്കുന്നത്‌ പ്രാണികളും എലിപോലുള്ള ക്ഷുദ്രജീവികളും വരുന്നതിനെ തടയുവാൻ നല്ലതാണ്‌. ഇതിന്റെ മുകൾ അറ്റത്ത്‌ മഴവെള്ളം കത്ത്‌ വരാതിരിക്കുവാൻ ഒരു "തൊപ്പി" (സിമന്റ്‌ ചട്ടി അകമഴ്ത്തി) സ്ഥാപിക്കുക. കുഴലിന്റെ വ്യാസം വർദ്ധിക്കും തോറും മുറിക്കകത്തെ ചൂടുള്ള വായു പുറത്തേക്ക്‌ പോകുന്നതിനുള്ള സാധ്യത വർദ്ധിക്കും.കൂടാതെ ഇതിന്റെ കീഴറ്റത്ത്‌ എക്സോസ്റ്റ്‌ ഫാൻ ഫിറ്റുചെയ്യുന്നതും നല്ലതാണ്‌.
1.ക്യാപ്‌ - സിമന്റ്‌ ചട്ടി ഇതിനായി ഉപയോഗിക്കാം.
2.ക്യാപിനെ കുഴലിനു മുകളിൽ ഉറപ്പിച്ച്‌ നിർത്തുവാൻ ഉള്ള ഫ്രെയ്ം.
3.കുഴൽ-നാഗം,അലുമിനിയം തുടങ്ങി ഏതെങ്കിലും ലോഹ ഷീറ്റിൽ ചുരുട്ടിയെടുത്ത കുഴൽ.ഇതിന്റെ അകത്തും പുറത്തും കറുപ്പ്‌ നിറമുള്ള പെയ്ന്റടിക്കുക.
4.ഇരുമ്പ്‌ നെറ്റ്‌- ഇത്‌ പ്രാണികളും,എലിപോലുള്ള ക്ഷുത്രജീവികളും അകത്തുവരാതെ സംരക്ഷിക്കുന്നു.

5.കുഴലിനെ ബിത്തിയിൽ ഉറപ്പിക്കുന്നതിനുള്ള ടൈ.


2.ഇതു വീടു നിർമ്മിക്കുമ്പോൾ തന്നെ ചെയ്യേണ്ടതാണ്‌.അടുക്കളക്ക്‌ ചിമ്മിനി നൽകുന്നതുപോലെ ഒരു സംവിധാനം തന്നെയാണിതും. മുറിയുടെ മൂലയിൽ കോൺക്രീറ്റ്‌ ചെയ്യുന്ന സമയത്തുതന്നെ മുൻ കൂട്ടി നിശ്ചയിച്ച അളവിൽ ഒരു ഭാഗത്ത്‌ ചിത്രത്തിൽ കാണിച്ച പോലെ കോൺക്രീറ്റ്‌ ഒഴിവാക്കുകയും ആവശ്യ്മായ വലിപ്പത്തിൽ ചെറിയ ഒരു " ബീം" ഉണ്ടാക്കുകയും ചെയ്യുക.(മഴവെള്ളം കിനിഞ്ഞിറങ്ങാതിരിക്കുവാൻ വേണ്ടി കോൺക്രീറ്റിൽ 12-15 സെന്റീമീറ്റർ ഉയരത്തിൽ ഉണ്ടാക്കുന്നത്‌.)ഇതിനു മുകളിൽ ചുരുങ്ങിയത്‌ ഒന്നരമീറ്റർ ഉയരത്തിൽ ചുമർ കെട്ടുക തുടർന്ന് അതിനു മേളിലായി റൂഫ്‌ കൊടുക്കുക.ഉള്ളിലായി നാലുവശത്തെക്കും എയർ ഹോൾ നൽകുകയും അതിനെ ചെറിയ കമ്പിവലകൊണ്ട്‌ "അടക്കുകയും" ചെയ്യുക . വീടിന്റെ എലിവേഷനു അനുസരിച്ച്‌ ഇതിന്റെ വലിപ്പത്തിലും രൂപത്തിലും മാറ്റം വരുത്താവുന്നതാണ്‌.
എല്ലാത്തിനും ഉപരിയായി വീടു ഡിസൈൻ ചെയ്യുമ്പോൾ തന്നെ വേണ്ടത്ര വായുസഞ്ചാരം ഉറപ്പുവരുത്തുക എന്നതു തന്നെയാണ്‌.ദൗർഭാഗ്യവശാൽ ഡൈനിങ്ങ്‌ റൂമിന്റെ പുറകിൽ ഒരു "അടച്ചുറപ്പുള്ള വരാന്ത" പോലുള്ള സംഗതികളാണ്‌ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പ്രവണത. പാഷ്യോ അല്ല ഞാൻ ഉദ്ദേശിച്ചത്‌.

Thursday, April 16, 2009

കോൺക്രീറ്റ്‌ മുറ്റങ്ങൾ നമുക്കു വേണ്ട.

ഇത്തിരിയുള്ള സ്ഥലത്ത്‌ നിറഞ്ഞുനിൽക്കുന്ന വീടും അതിനു ചുറ്റും ഉള്ള ഇടം മുഴുവൻ കോൺക്രീറ്റ്‌ ഇട്ടോ കോൺക്രീറ്റ്‌ ടെയിലുകൾ പാകിയോ "വൃത്തിയായി" സൂക്ഷിക്കുക നഗരങ്ങളിലെ ഒരു സ്ഥിരം കാഴ്ചയാണ്‌.ഇത്‌ തികച്ചും നിരുത്സാഹപ്പെടുത്തേണ്ട പ്രവണതയാണ്‌.മഴക്കാലത്ത്‌ ഇവിടെ നിന്നും മഴവെള്ളം ഭൂമിയിലേക്ക്‌ താഴ്‌ന്നുപോകുവാൻ സാധ്യമല്ലാതെ വരികയും ഇത്‌ പൊതുവഴിയിലേക്കോ,ഓടകളിലേക്കോ ഒഴുകിപ്പോകുവാൻ ഇടവരികയും ചെയ്യുന്നു. കൃത്യമായി തടസ്സങ്ങൾ നീക്കി വൃത്തിയായി സൂക്ഷിക്കുന്ന ഓടകൾ അന്യ്മായ നമ്മുടെ നാട്ടിൽ ഇത്‌ ധാരാളം ആരോഗ്യപ്രശനങ്ങൾക്കും ഇടവരുത്തും. കൂടുതൽ വെള്ളം ഒഴുകിയെത്തുന്നതോടെ റോഡുകൾക്കും കേടുപാടുകൾ സംഭവിക്കും. ഭൂമിക്കു മുകളിലെ സ്വാഭാവികമായ "ഹരിതകവചത്തെ" നശിപ്പിച്ചുകൊണ്ട്‌ അനുദിനം നിരവധി നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നു.അന്തരീക്ഷത്തിലെ ചൂടു വർദ്ധിപ്പിക്കുന്നതിൽ അവ ഗണ്യമായ പങ്കുവഹിക്കുന്നു.കൂടാതെ എ.സി ഇന്ന് നമ്മുടെ കെട്ടിടങ്ങളിൽ അതിവേഗം സ്ഥാനം പിടിക്കുന്നു.ഇതെല്ലാം അന്തരീക്ഷ ഊഷ്മാവ്‌ വർദ്ധിപ്പിക്കുവാൻ ഇടവരുത്തുന്നു.

മുറ്റം അൽപം "വൃത്തികേടായാലും" ഭൂമിക്കു മേലുള്ള അനാവശ്യമായ കോൺക്രീറ്റ്‌ ആവരണം ഒഴിവാക്കുവാൻ ഓരോരുത്തരും പരമാവധി ശ്രദ്ധിക്കുക.മുറ്റത്തെ ചെളികെട്ടുന്നത്‌ ഒഴിവാക്കുവാൻ അവിടേ വെള്ളാരം കല്ല് പാകിയാലും കുഴപ്പമില്ല. കെട്ടിടങ്ങളുടെ ബാൽക്കണിയിലും, ടെറസ്സിലും എല്ലാം ചെടികളും പച്ചക്കറികളും വളർത്താവുന്നതാണ്‌.ടെറസ്സിൽ ചോർച്ചയുണ്ടാക്കും എന്നൊക്കെ പറഞ്ഞ്‌ ഒഴിയാതെ അതിനു തടയിടുവാൻ വേണ്ട സംവിധാനം ഒരുക്കി കഴിയുന്നത്ര ഹരിതാഭ സൃഷ്ടിക്കുവാനും അതിനെ സംരക്ഷിക്കുവാനും നാം ഓരോരുത്തരും ശ്രമിച്ചാൽ അത്‌ നമുക്ക്‌ തന്നെയാണ്‌ ഗുണം ചെയ്യുക.

മറ്റൊരുകാര്യം കൂടെ പറഞ്ഞുകൊള്ളട്ടെ.സ്വന്തം വീടിന്റെ മുറ്റത്തെ മണലിൽ ഓടിക്കളിക്കുവാൻ നമ്മുടെ കുട്ടികൾക്ക്‌ അവസരം നൽകുക.കോഴിക്കുട്ടികളെ തീറ്റയും ഹോമോണും കൊടുത്ത്‌ ഫാം ഹൗസുകളിൽ വളർത്തിയെടുക്കുന്ന പോലെ ആകരുത്‌ പുതുതലമുറയെ വാർത്തെടുക്കേണ്ടത്‌.മുറ്റത്തിറങ്ങിയാൽ രോഗം വരും, ഫ്ലോറിങ്ങിൽ അഴുക്കാകും എന്നെല്ലാം പറഞ്ഞ്‌ വിലക്കാതെ പ്രകൃതിയെ തൊട്ടറിയുവാൻ അവർക്കും അവസരം കൊടുക്കുക.

Tuesday, April 14, 2009

വിഷു ആശംസകൾ

കാർവർണ്ണന്റെ വിഗ്രഹത്തിനു മുമ്പിൽ ഓട്ടുരുളിയിൽ നിലവിളക്കിന്റെ പ്രകാശത്തിൽ, പൊൻ നിറമാർന്ന കണിക്കൊന്നയും,നവധാന്യങ്ങളും,നാണയങ്ങളും,ഫലങ്ങളും,കോടി വസ്ത്രങ്ങളും വച്ചലങ്കരിച്ച്‌ കേരളം കണികണ്ടുണരുന്ന ഈ ശുഭദിനത്തിൽ എല്ലാ വായനക്കാർക്കും ആശംസകൾ...

Thursday, February 19, 2009

കേരളത്തിലെ വർദ്ധിക്കുന്ന മാലിന്യ പ്രശനം

ഇന്ത്യയിൽ താമസിക്കുവാൻ വേണ്ടി നിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങളുടെ എണ്ണത്തിൽ കേരളം മുൻപന്തിയിലാണ്‌.എന്നാൽ ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങളിലെ താമസക്കാർ പുറം തള്ളുന്ന മാലിന്യം കൈകാര്യം ചെയ്യുവാൻ ഉള്ള സംവിധാനങ്ങളെ കുറിച്ച്‌ ഇനിയും കേരളജനതയും ഗൗരവമായി ചിന്തിച്ചിട്ടില്ല.പത്തും ഇരുപതും നിലകൾ ഉള്ള വൻ പാർപ്പിടസമുച്ചായങ്ങൾ മുതൽ ഒന്നര സെന്റുവരുന്ന ചെറിയ സ്ഥലത്തുപോലും വീടുകൾ നിർമ്മിക്കപ്പെടുന്നു.ഇവർ ടാണ കണക്കിനു മാലിന്യങ്ങൾ പുറം തള്ളുന്നു. ഇതുകൂടാതെ ഇവയുടെ സെപ്റ്റിടാങ്കുകളിൽ നിന്നും പുറത്തേക്കുള്ള ഓടകളിലേക്കും( പലതും സ്ലാബില്ലാതെ തുറന്നുകിടക്കുന്നതും, പ്ലാസ്റ്റിക്ക്‌ അടക്കം ഉള്ള മാലിന്യങ്ങൾ നിറഞ്ഞ്‌ അടഞ്ഞവ)അല്ലെങ്കിൽ സെപ്റ്റിക്‌ ടാങ്കിനോടു ചേർന്നുള്ള പിറ്റിലേക്കു പോകുന്നു.ഇതു സമീപത്തുള്ള കിണറുകൾ അടക്കമുള്ള കുടിവെള്ള സ്രോതസ്സുകൾക്ക്‌ ഭീഷണിയാകുന്നു.

മാലിന്യ സംസ്കരണത്തിനു വ്യക്തമായ കാഴ്ചപ്പാടോടെ സമഗ്രമായ പദ്ധതികൾ നടപ്പാക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യം നിർമ്മാർജ്ജനം ചെയ്യുവാൻ ഉള്ള സംവിധാനം അത്യാവശ്യമാണ്‌. നഗരങ്ങൾ വളരുന്നതിനനുസരിച്ച്‌ ഗ്രാമങ്ങളും അതിവേഗം നഗരങ്ങളായി മാറുന്നു.സ്വാഭാവികമായും ഇവിടേയും നല്ല ഓടകളുടെ നിർമ്മാണം,അതുപോലെ പൊതുസ്ഥലങ്ങളിൽ പബ്ലിക്ക്‌ ബിന്നുകൾ അനിവാര്യമാകുന്നു.മാലിന്യങ്ങളെ ഒരു സ്ഥലത്തുകൊണ്ടുവന്ന് തള്ളുകയും അവിടെ ഇട്ട്‌ അശാസ്ത്രീയമായി കത്തിച്ചുകളയുകയും ചെയ്യുന്ന ഇന്നത്തെ രീതി ശരിയല്ല. വങ്കിട കെട്ടിടസമുച്ചയങ്ങളോ അധികം ജനസാന്ദ്രതയോ ഇല്ലത്ത പ്രകൃതിരമണീയമായതും യദേഷ്ഠം ശുദ്ധവായു ലഭിക്കുന്നതുമായ വയനാട്ടിലേക്ക്‌ താമരശ്ശേറി ചുരം കയറിച്ചെല്ലുന്നവരെ എതിരേൽക്കുന്നതു കൽപറ്റയിലെ മാലിന്യം കൊണ്ടുതള്ളുന്നിടത്തുനിന്നും ഉള്ള ദുർഗ്ഗന്ധമാണെന്നത്‌ പറയുമ്പോൾ മറ്റിടങ്ങളിലെ സ്ഥിതി പറയേണ്ടതില്ലല്ലോ? കേരളത്തിലെ നഗരങ്ങളിൽ "വികസനത്തിന്റെ" കാര്യത്തിൽ ഏറ്റവും മുൻ പന്തിയിൽ നിൽക്കുന്ന എറണാംകുളത്തു ജീവിക്കുന്നവർ മാലിന്യങ്ങൾ കൊണ്ടും അതുണ്ടാക്കുന്ന ആരോഗ്യ-പരിസ്ഥിതി പ്രശനങ്ങൾ കൊണ്ടും പൊറുതിമുട്ടിയിരിക്കയാണ്‌.മഴക്കാലമായാൽ ഇതിന്റെ രൂക്ഷത ശതഗുണീഭവിക്കുന്നു. എറണാംകുളം ജില്ലയാണ്‌ ഇന്ന് കേരളത്തിൽ ഏറ്റവും രൂക്ഷമായ മാലിന്യ പ്രശ്നം അഭിമുഖീകരിക്കുന്നത്‌. ഇതു സംമ്പന്തിച്ച്‌ പലതവണ കോടതിയുടെ പരാമർശങ്ങൾ വന്നുകഴിഞ്ഞു. പദ്ധതികളെ കുറിച്ചുള്ള ചർച്ചകളും അതിന്റെ പേരിൽ ചിലവിടുന്ന തുകകളുടെ കണക്കുകളും ഒന്നും മാലിന്യം നീക്കുന്നില്ല.വികസനത്തിനായി ജാഥകളും സെമിനാറുകളും നടത്തുകയും കോടികൾ ലോകമ്പാങ്കടക്കമുള്ള സ്ഥാപനങ്ങളിൽ നിന്നും അന്യായമായ നിബന്ധനകൾക്കു വഴങ്ങി വാങ്ങുകയും ചെയ്യുന്നവർക്ക്‌ എന്തുകൊണ്ട്‌ ഇക്കാര്യത്തിൽ ഒരു പരിഹാരം കാണുവാൻ കഴിയുന്നില്ല?

"ദൈവത്തിന്റെ സ്വന്തം നാട്‌" സന്ദർശിക്കുവാൻ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ധാരാളം ടൂറിസ്റ്റുകൾ ഇവിടേ എത്തുന്നുണ്ട്‌. ടൂറിസ്റ്റുകൾ ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നവരാണ്‌.മാലിന്യത്തെ കുറിച്ച്‌ നമ്മുടെ അധികൃതർ നിസ്സാരമായി കരുതുന്ന പലതും അവരുടെ രാജ്യത്ത്‌ വലിയ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്നതാണെന്ന് നാം ഓർക്കേണ്ടതുണ്ട്‌.പൊതുസ്ഥലത്തു തുപ്പിയാൽ പിഴയും നിശ്ചിത നാളുകൾ പൊതുസ്ഥലം തൂത്തുവൃത്തിയാക്കലും നിയമം മൂലം നടപ്പാക്കുന്ന രാജ്യങ്ങളിൽ നിന്നും വരുന്നവർ ആണ്‌ ഭൂരിപക്ഷം ടൂറിസ്റ്റുകളും.

കൊതുകുനിർമ്മാർജ്ജനത്തിനായി വേണ്ട നടപടികൾ കാര്യക്ഷമമായി ചെയ്യാതെ വൈകുന്നേരം മേഷീനോ/കൊതുകുതിരിയോ കത്തിച്ച്‌ കെമിക്കൽ പുകശ്വസിച്ച്‌ നിർവൃതിയടയുന്ന ജനസമൂഹം പൊതുപ്രശനങ്ങളിൽ നിന്നും ഓടിമാറുന്ന കുറ്റകരമായ അനാസ്ഥയാണ്‌ ചെയ്യുന്നത്‌.അധികൃതരുടേയും പൊതുജനത്തിന്റേയും അശ്രദ്ധമൂലം ഇത്തരം കൊതുകു നിർമ്മാർജ്ജന ഉലപന്നങ്ങൾ വിപണിയിൽ എത്തിക്കുന്ന കമ്പനികൾ കോടികൾ ആണ്‌ കൊയ്യുന്നത്‌.ഇറച്ചിവേസ്റ്റ്‌, പ്ലാസ്റ്റിക്ക്‌ അടക്കം ഉള്ള ഉപയോഗശൂനയ്മായ വസ്തുക്കൾ തോന്നിയപോലെ വഴിയോരത്തും മറ്റും വലിച്ചെറിയുന്ന പൊതുജനങ്ങളുടെ സ്വഭാവരീതിയിലും മാറ്റം വരേണ്ടിയിരിക്കുന്നു.ആരോഗ്യമുള്ള പരിസരം എന്നത്‌ അവിടെ ജീവിക്കുകയും സന്ദർശിക്കുകയും ചെയ്യുന്ന ഓരോ പൗരന്റേയും ഉത്തരവാദിത്വമാണ്‌. മാലിന്യ പ്രശനത്തെ രാഷ്ടീയവൽക്കരിക്കാതെ രാഷ്ടീയ പ്രസ്ഥാനവും, പൊതുസമൂഹവും സംസ്ഥാനത്തിന്റെ മൊത്തം ആരോഗ്യ-പരിസ്ഥിതി പ്രശന്മായി കണ്ട്‌ ഉണർന്നുപ്രവർത്തിക്കേണ്ടീയിരിക്കുന്നു.


ഓർക്കുക: വൻ കെട്ടിടങ്ങളിൽ പഞ്ചനക്ഷത്രജീവിതം നയിക്കുന്നവർ പുറം തള്ളുന്ന അഴുക്കുകൾ ഒഴുകുന്ന ചാലുകൾക്കിരുവശവും ഉള്ള ചേരികളിൽ, അഴുക്കുചാലുകളിൽ പുഴുക്കളെ പോലെ ജീവിക്കുന്നവരും മനുഷ്യരാണ്‌. ജനാധിപത്യസംവിധാനത്തിൽ വോട്ടുചെയ്യുവാൻ മാത്രം അവകാശമുള്ള വെറും സ്ലം......അല്ല അവർ.

Thursday, February 05, 2009

പ്ലാൻ -32


പ്ലാനിനു കടപ്പാട്‌: മിസിസ്സ്‌ വിനി.എസ്‌.കുമാർ


ആധുനീകസൗകര്യങ്ങൾ ഉള്ള വീടാണെങ്കിൽ പോലും അതു "കേരളീയശൈലിയിൽ"തന്നെ ആകണം എന്ന് പലർക്കും നിർബന്ധമുണ്ട്‌.ചരിച്ചുവാർത്ത്‌ മുകളിൽ ഓടുപതിച്ച്‌ വരാന്തയിൽ ഉടനീളം ചാരുപടിനൽകിയാൽ അതുകേരളീയശൈലിയാണെന്ന് പലരും തെറ്റിദ്ധരിച്ചുപോയി.നിർഭാഗ്യവശാൽ ഈ ഒരു ധാരണയാണ്‌ നമ്മുടെ നാട്ട്ല് പലപ്പോഴും "വാസ്തു വൈകൃതങ്ങൾ" പെരുകുന്നതിനു ഇടയാക്കുന്നത്‌. മേൽപറഞ്ഞ "കേരളീയ ശൈലിയിൽ" ഉള്ള ഒരു ഡിസൈൻ എന്ന രീതിയിൽ തയ്യാറാക്കിയതാണിവിടെ കൊടുക്കുന്നതും. ചെരിച്ചുവാർത്ത്‌ മുകളിൽ ഓടുപതിച്ച്‌ കാഴ്ചയിൽ നമ്മുടെ പരമ്പരാഗത രീതികളോട്‌ ചില സാദൃശ്യം പുലർത്തുന്ന ഒരു വീടിന്റെ പ്ലാൻ എന്നേ ഇതിനെ പറയുവാൻ കഴിയൂ. ആധുനീകസൗകര്യങ്ങളോടെ "കേരളീയശൈലിയിൽ" എന്ന് പറയുന്നതിനോടെനിക്ക്‌ വിയോജിപ്പുണ്ട്‌.(ഇതേകുറിച്ച്‌ പിന്നീട്‌ എഴുതുന്നതാണ്‌) കേരളീയ വാസ്തുശൈലിക്ക്‌ അതിന്റേതായ തനതു രീതികളും അളവുകളും നിർമ്മാണ നിയമങ്ങളും ഉണ്ട്‌.അതു പിന്തുടരുന്നതുകൊണ്ടാണ്‌ അവയെ കേരളീയശൈലിയിൽ നിർമ്മിച്ചത്‌ എന്ന് പറയുന്നതും.എന്നാൽ ഇന്നാകട്ടെ അത്തരം കാര്യങ്ങളിൽ നിന്നും വേറിട്ടുനിന്നുകൊണ്ട്‌ പഴയ കെട്ടിടങ്ങളിലെ ചില എലിമന്റുകൾ മാത്രം എടുത്ത്‌ ഉപയോഗിക്കുന്നു. ദൗർഭ്യാഗ്യവശാൽ ഞാനും ഇത്തരം "പാതിവെന്ത" തീർക്കുന്നതിനു നിർബന്ധിതനായിട്ടുണ്ട്‌.


എലിവേഷന്റെ സാധ്യതകൾ മുന്നിൽകണ്ടുകൊണ്ട്‌ തയ്യാറാക്കിയ ഈ പ്ലാനിനു 2744 ചതുരശ്രയടി വിസ്തീർണ്ണമാണുള്ളത്‌.മുൻ വശത്ത്‌ ഒരു "പൂമുഖം" കൂടാതെ ല്വീങ്ങും ഡൈനിങ്ങും വെവ്വേറെ നൽകിയിട്ടുള്ള ഇതിനു താഴത്തെനിലയിൽ ഡ്രസ്സിങ്ങ്‌ ഏരിയയും അറ്റാച്ച്ഡ്‌ ബാത്‌റൂമുകളും ചെർന്നുള്ള രണ്ടുകിടപ്പുമുറികളും ഉണ്ട്‌.ഡൈനിങ്ങിനോടുചേർന്ന് ഒരു കോർടുയാഡും അതിന്റെ ഒരു വശത്ത്‌ കൂടുമ്പങ്ങൾക്കിരിക്കുവാൻ ഒരു ചെറിയ തിണ്ണനൽകിയിരിക്കുന്നു.ഡൈനിങ്ങ്‌ റൂമിന്റെ ഒരു ഭാഗത്ത്‌ ഡബിൾഹൈറ്റ്‌ ആണ്‌. "അർദ്ധവൃത്താകൃതിയിൽ" ഉള്ള സ്റ്റെയർക്കേസ്‌ കയറിച്ചെന്നാൽ മുകൾനിലയിലെ ലിവിങ്ങ്‌ ഏരിയയിലേക്ക്‌ എത്തുന്നു.ഇവിടെ നിന്നും ബാൽക്കണിയിലേക്കും പുറകുവശത്തെ ടെറസ്സിലേക്കും പ്രവേശിക്കാം. താഴത്തെ പോലെ തന്നെ മുകൾനിലയിലും രണ്ടുകിടപ്പുമുറികൾ ഉണ്ട്‌.




E-pathram

ePathram.com